ബോളിവുഡ് താരങ്ങളുടെ ആദ്യകാല പരസ്യ ചിത്രങ്ങൾ കാണാം
സിനിമയിലൂടെ പ്രശസ്തരാകുന്നതിന് മുൻപ് ബോളിവുഡ് താരങ്ങൾ അഭിനയിച്ച പരസ്യ ചിത്രങ്ങൾ ഓർമ്മയുണ്ടോ? വെള്ളിത്തിരയിലെത്തും മുൻപ് ഇവരിൽ പലരും മനസിൽ തങ്ങി നിൽക്കുന്ന പരസ്യങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. ഇതിൽ ചിലർക്കെങ്കിലും സിനിമയിലേക്ക് വഴി തുറന്ന് കൊടുത്തതും പരസ്യങ്ങൾ തന്നെയാണ്.
സിനിമയിലെത്തുന്നതിന് മുൻപ് കിങ് ഖാൻ ഷാരൂഖ് സീരിയലിൽ അഭിനയിച്ചിരുന്ന കാര്യം പലർക്കുമറിയാം. എന്നാൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ഷാരൂഖ് പ്രത്യക്ഷപ്പെട്ട ബൈക്കിന്റെ പരസ്യം ചിലപ്പോൾ ഓർമ്മ കാണില്ല. ദീപിക പദുകോണിന്റെ ലിംക, ക്ലോസ് അപ് പരസ്യവും, ഐശ്വര്യയുടെ പെപ്‌സി ആഡും പ്രിയങ്ക ചോപ്ര, സൽമാൻ ഖാൻ, വിദ്യാ ബാലൻ, പ്രീതി സിന്റ, ഷാഹിദ് കപൂർ എന്നിവരുടെ ആദ്യ പരസ്യ ചിത്രവും താഴെ കാണാം.
1. ദീപിക പദുകോൺ: ഓം ശാന്തി ഓമിലൂടെ ബോളിവുഡിൽ ചുവട് വയ്ക്കുന്നതിന് മുൻപ് ദീപിക പദുകോൺ പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ദീപിക അഭിനയിച്ച ലിംകയുടേയും ക്ലോസ് അപിന്റേയും പരസ്യം കാണാം.
2. ഐശ്വര്യ റായ് ബച്ചൻ: ലോക സുന്ദരി പട്ടം സ്വന്തമാക്കുന്നതിന് മുൻപ് ആമിർ ഖാനൊപ്പം ഐശ്വര്യ പെപ്‌സിയുടെ പരസ്യ ചിത്രത്തിൽ മുഖം കാണിക്കുകയുണ്ടായി. ബോളിവുഡ് നായിക മഹിമാ ചൗധരിയേയും ഈ പരസ്യത്തിൽ കാണാനാകും.
3. ഷാരൂഖ് ഖാൻ: ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ അഭിനയിച്ച ഹീറോ പുക് മോട്ടോർ ബൈക്കിന്റെ പരസ്യം ചിലർക്കെങ്കിലും ഓർമ്മയുണ്ടാകും. ദൂരദർശനിൽ 90 ലായിരുന്നു ഇത് പുറത്ത് വന്നത്.
4. സൽമാൻ ഖാൻ: മസിൽ മാൻ എന്ന് പേരെടുക്കുന്നതിനൊക്കെ വളരെ മുൻപ് സൽമാൻ ഖാൻ ലിംകയുടെ പരസ്യത്തിൽ ഫുട്‌ബോൾ കളിക്കാരന്റെ വേഷത്തിലെത്തിയിരുന്നു.
5. പ്രിയങ്ക ചോപ്ര: മിസ് വേൾഡ് പട്ടം സ്വന്തമാക്കിയ പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിക്കുന്നത് ഡാബർ വാടിക ഹെയർ ഓയലിന്റെ പരസ്യമാണ്.
6. കത്രീന കൈഫ്: ബോളിവുഡ് ബാർബി ഡോൾ കത്രീന കൈഫ് ഫെവിക്കോൾ പരസ്യത്തിലൂടെയാണ് അഭിനയലോകത്തിലേക്ക് പ്രവേശിക്കുന്നത്. പരസ്യ ചിത്രം കാണാം.
7. വിദ്യാ ബാലൻ: മലയാളിയും ബോളിവുഡ് താരവുമായ വിദ്യാ ബാലൻ അഭിനയിച്ച യൂഫോറിയയുടെ പ്രശസ്തമായ ആൽബം ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. എന്നാൽ വിദ്യാ ബാലൻ അഭിനയിച്ച പരസ്യം കണ്ടിട്ടുണ്ടോ?
8. പ്രീതി സിന്റ: ബോളിവുഡ് ചാർമിങ് ഗേൾ പ്രിറ്റി സിന്റയുടെ ചിരി വളരെ ശ്രദ്ധേയമാണ്. ഷാരൂഖിനൊപ്പം ദിൽ സേയിലൂടെയാണ് പ്രീതി ബോളിവുഡിലെത്തുന്നത്. എന്നാൽ പെർക്കിന്റെ പരസ്യത്തിലൂടെയാണ് നുണക്കുഴി കാട്ടിയുള്ള തന്റെ ചിരിയിലൂടെ പ്രീതി സിന്റ എല്ലാവരേയും ആദ്യം വീഴ്ത്തിയത്.
9. ഷാഹിദ് കപൂർ: ഹൈദറിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ഷാഹിദിന്റെ ചോക്ലേറ്റ് ബോയ് ഇമേജിൽ വ്യത്യാസം വന്നിട്ട് അധികം കാലമായില്ല. കുട്ടിയായിരുന്നപ്പോഴാണ് കോംപ്ലാന്റെ പരസ്യത്തിൽ ഷാഹിദ് അഭിനയിക്കുന്നത്. പിന്നീട് ചില ആൽബങ്ങളിലും അഭിനയിച്ചു.
10. രാജ്കുമാർ ഹിരാനി: തന്റെ കരിയർ ഗ്രാഫിൽ മുൻപും പല നല്ല ചിത്രങ്ങളും ഉണ്ടെങ്കിലും പി.കെ എന്ന ആമീർ ചിത്രമാണ് രാജ്കുമാർ ഹിറാനിയെ കൂടുതൽ പ്രശസ്തനാക്കിയത് എന്ന് പറയാം. മുന്നാ ഭായ് എം.ബി.ബി.എസ്, ത്രീ ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളിൽ പ്രമുഖ താരങ്ങളെ അഭിനയം പഠിപ്പിച്ച ഹിറാനി ഒരു പരസ്യ ചിത്രത്തിലഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ഒരു പക്ഷേ ചിലർക്കെങ്കിലും അത് വിശ്വസിക്കാനാകില്ല. എന്നാൽ സംഗതി ഉള്ളതാണ്. ഫെവിക്കോളിന്റെ പരസ്യത്തിലാണ് ഹിരാനി അഭിനയത്തിലും കൈവയ്ക്കുന്നത്.

