യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്തുകൊണ്ടുള്ള ടീറ്റ് സൽമാൻ ഖാൻ പിൻവലിച്ചു

മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്തുകൊണ്ടുള്ള ട്വീറ്റ് സൽമാൻ ഖാൻ പിൻവലിച്ചു. മേമനെ പിന്തുണച്ച് ഇന്ന് രാവിലെയാണ് സൽമാൻ ഖാൻ ട്വിറ്ററിൽ കുറിച്ചത്. താനിട്ട ട്വീറ്റുകൾ തെറ്റിദ്ധാരണ പരത്തിയേക്കുമെന്ന് അച്ഛൻ സലീം ഖാൻ പറഞ്ഞെന്നും അതിനാലാണ് ട്വീറ്റുകൾ പിൻവലിക്കുന്നതെന്നും സൽമാൻ പറഞ്ഞു.
 | 

യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്തുകൊണ്ടുള്ള ടീറ്റ് സൽമാൻ ഖാൻ പിൻവലിച്ചു

ന്യൂഡൽഹി: മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്തുകൊണ്ടുള്ള ട്വീറ്റ് സൽമാൻ ഖാൻ പിൻവലിച്ചു. മേമനെ പിന്തുണച്ച് ഇന്ന് രാവിലെയാണ് സൽമാൻ ഖാൻ ട്വിറ്ററിൽ കുറിച്ചത്. താനിട്ട ട്വീറ്റുകൾ തെറ്റിദ്ധാരണ പരത്തിയേക്കുമെന്ന് അച്ഛൻ സലീം ഖാൻ പറഞ്ഞെന്നും അതിനാലാണ് ട്വീറ്റുകൾ പിൻവലിക്കുന്നതെന്നും സൽമാൻ പറഞ്ഞു. തന്റെ ട്വീറ്റ് കാരണം എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കുന്നതായും സൽമാൽ വ്യക്തമാക്കി. ട്വീറ്ററിലൂടെ തന്നെയാണ് താരം ഇക്കാര്യം അറിയിച്ചത്.

കുറ്റം ചെയ്ത ടൈഗർ മേമനെ തൂക്കിലേറ്റണമെന്ന് താൻ പറഞ്ഞിരുന്നെന്നും ആ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുന്നതായും സൽമാൻ പറഞ്ഞു. ടൈഗറിന് വേണ്ടി യാക്കൂബിനെ തൂക്കിലേറ്റരുതെന്നാണ് താൻ പറഞ്ഞത്. യാക്കൂബ് നിരപരാധിയാണെന്ന് പറഞ്ഞിട്ടില്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ തനിക്ക് പൂർണ വിശ്വാസമാണ്. മുംബൈ സ്‌ഫോടനത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഒരു നിരപരാധിയുടെ മരണമെന്നത് മനുഷ്യത്വത്തിന്റെ നഷ്ടമാണെന്നാണ് താൻ ആവർത്തിച്ച് പറയുന്നത്. തന്റെ ട്വീറ്റുകൾ മതത്തിനൊതിരാണെന്ന് വിമർശിച്ചവരോട് താനെല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന വ്യക്തിയാണെന്നും അതെന്നും അങ്ങനെ തന്നെയായിരിക്കുമെന്നും സൽമാൻ പറഞ്ഞു.

പ്രധാനപ്രതി ടൈഗറാണെന്നിരിക്കെ യാക്കൂബിനെ തൂക്കിലേറ്റുന്നത് ശരിയല്ല എന്നായിരുന്നു രാവിലെ സൽമാൻ ട്വീറ്റ് ചെയ്തത്. യാക്കൂബ് നിരപരാധിയാണ്. അങ്ങനെയുള്ളൊരു വ്യക്തിയെ കൊല്ലുന്നത് മനുഷ്യത്വത്തെ കൊല്ലുന്നതിന് തുല്യമാണ്. ഈ ട്വീറ്റുകൾ നേരത്തെ പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ഭയം കാരണം സാധിച്ചില്ല, എന്നാൽ ആ മനുഷ്യന്റെ കുടുംബം കൂടി ഉൾപ്പെട്ടതിനാലാണ് ഇപ്പോൾ ഇത് പറയുന്നതെന്നും സൽമാൻ വ്യക്തമാക്കിയിരുന്നു.