സൽമാന് അഞ്ച് വർഷം തടവ്; ആർതർ ജയിലിലേക്ക് മാറ്റും

മദ്യലഹരിയിൽ ഒരാളെ കാറിടിപ്പിച്ച് കൊന്ന കേസിൽ നടൻ സൽമാൻ ഖാന് (49) അഞ്ച് വർഷം തടവ് ശിക്ഷ. സൽമാൻ കുറ്റക്കാരനാണെന്ന് കോടതി ഇന്ന് പ്രഖ്യാപിച്ചിരുന്നു. മനപൂർവ്വമല്ലാത്ത നരഹത്യാ കേസിലാണ് വിധി. മുംബൈ സെഷൻസ് കോടതി ജഡ്ജി ഡി. ഡബ്ല്യു. ദേശ്പാണ്ഡെയാണ് കേസിൽ വിധി പ്രസ്താവിച്ചത്.
 | 
സൽമാന് അഞ്ച് വർഷം തടവ്; ആർതർ ജയിലിലേക്ക് മാറ്റും

 

മുംബൈ: മദ്യലഹരിയിൽ ഒരാളെ കാറിടിപ്പിച്ച് കൊന്ന കേസിൽ നടൻ സൽമാൻ ഖാന് (49) അഞ്ച് വർഷം തടവ് ശിക്ഷ. സൽമാൻ കുറ്റക്കാരനാണെന്ന് കോടതി ഇന്ന് പ്രഖ്യാപിച്ചിരുന്നു. മനപൂർവ്വമല്ലാത്ത നരഹത്യാ കേസിലാണ് വിധി. മുംബൈ സെഷൻസ് കോടതി ജഡ്ജി ഡി. ഡബ്ല്യു. ദേശ്പാണ്ഡെയാണ് കേസിൽ വിധി പ്രസ്താവിച്ചത്.

സൽമാൻ ഖാനെ ഉടൻ തന്നെ ആർതർ റോഡ് ജയിലിലേക്ക് മാറ്റും. പെട്ടെന്ന് ജാമ്യം ലഭിക്കാനിടയില്ലെന്നാണ് സൂചന. ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിക്കേണ്ടിവരും. കേസിൽ സൽമാൻ കൂടുതൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു. അതേസമയം താനാണ് വണ്ടിയോടിച്ചതെന്ന് കള്ളസാക്ഷി പറഞ്ഞ ഡ്രൈവർ അശോക് സിങിനെതിരേ കേസെടുക്കില്ല. നടപടി വേണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി തള്ളി.

സൽമാൻ ഖാനെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഏഴ് കുറ്റങ്ങളാണ് താരത്തിനെതിരേ ആരോപിക്കപ്പെട്ടിരുന്നത്. വാഹനമോടിച്ചത് സൽമാൻ തന്നെയായിരുന്നു. മദ്യലഹരിയിലായിരുന്ന സൽമാൻ ഡ്രൈവിങ് ലൈസൻസില്ലാതെയാണ് വാഹനമോടിച്ചതെന്നും കോടതി വ്യക്തമാക്കി. സൽമാന്റെ ഡ്രൈവർ അശോക് സിങാണ് വാഹനമോടിച്ചതെന്ന വാദവും കോടതി തള്ളി. എന്താണ് പറയാനുള്ളതെന്ന ജഡ്ജിയുടെ ചോദ്യത്തിന് സൽമാൻ തനിക്കെതിരായ കുറ്റങ്ങളെല്ലാം നിഷേധിച്ചതായും താനല്ല വാഹനമോടിച്ചതെന്ന് ആവർത്തിച്ചതായും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

സൽമാൻ ഖാന് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ താരത്തിന്റെ ശിക്ഷ പരമാവധി രണ്ട് വർഷമായി ചുരുക്കണമെന്നായിരുന്നു സൽമാന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. കോടതി ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകാം. 19 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. പത്ത് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് സൽമാനെതിരേ തെളിഞ്ഞത്. കോടതി മുറിയിൽ തലകുനിച്ച് നിന്ന് നിറകണ്ണുകളോടെയാണ് സൽമാൻ വിധി കേട്ടത്.

2002 സെപ്റ്റംബർ 28നാണ് കേസിനാസ്പദമായ സംഭവം. സൽമാൻ ഖാന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ കാർ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കൻ എക്‌സ്പ്രസ്സ് ബേക്കറിക്ക് മുന്നിലുള്ള നടപ്പാതയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇവിടെ ഉറങ്ങിക്കിടന്നവരിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുള്ള എന്നയാളാണ് മരിച്ചത്.

അമിതവേഗത്തിൽ വാഹനമോടിച്ചു എന്ന കേസായിരുന്നു സൽമാനെതിരെ എടുത്തിരുന്നത്. പിന്നീട് മനപ്പൂർവമല്ലാത്ത നരഹത്യകൂടി ഉൾപ്പെടുത്തുകയായിരുന്നു. അപകടം നടക്കുമ്പോൾ സൽമാൻ അമിതമായി മദ്യപിച്ചിരുന്നെന്നും കാർ ഓടിച്ചിരുന്നത് അദ്ദേഹം തന്നെയാണെന്നുമാണ് അംഗരക്ഷകനും പോലീസുമായിരുന്ന രവീന്ദ്ര പാട്ടീൽ മൊഴി നൽകിയിരുന്നു. അപകടമുണ്ടാകുമെന്ന് താൻ മുന്നറിയിപ്പ് നൽകിയെങ്കിലും അദ്ദേഹം അത് മുഖവിലക്കെടുത്തില്ലെന്നും പാട്ടീൽ പറഞ്ഞു. സൽമാനൊപ്പം ആ വാഹനത്തിൽ ഉണ്ടായിരുന്ന രവീന്ദ്ര പാട്ടീൽ തന്നെയാണ് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതും. വിചാരണക്കിടെ മൊഴി മാറ്റാൻ പാട്ടീലിന് മേൽ കനത്ത സമ്മർദമുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്റെ മൊഴിയിൽ ഉറച്ചു നിന്നു.

എന്നാൽ അപകട സമയം വണ്ടിയോടിച്ചത് ഡ്രൈവറാണെന്നായിരുന്നു കഴിഞ്ഞമാസം സൽമാൻ കോടതിയിൽ പറഞ്ഞത്. ഡ്രൈവർ അശോക് സിങും കോടതിയിൽ ഇതാവർത്തിച്ചു.

സൽമാന്റെ സഹോദരനും നടനുമായ സൊഹൈൽ ഖാൻ, സഹോദരിമാരായ അൽവിര, അർപ്പിത എന്നിവരും കോടതിയിൽ എത്തിയിരുന്നു. ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവർ കോടതിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് സൽമാനെ വീട്ടിൽ സന്ദർശിച്ചു.

സൽമാന്റെ ജാമ്യാപേക്ഷയിൽ കോടതി നാല് മണിക്ക് വാദം കേൾക്കും. അതിനിടെ നെഞ്ചുവേദനയെ തുടർന്ന് സൽമാൻ ഖാനെ ജെ.ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റും.