കിസ് ഓഫ് ബ്രദേഴ്‌സ്: പിണക്കം മറന്ന് ഷാരൂഖ് സൽമാന്റെ സഹോദരിയുടെ വിവാഹത്തിന്
മുംബൈ: സൽമാന്റെ സഹോദരി അർപിതയുടെ വിവാഹമാണ് ബോളിവുഡിൽ ഇപ്പോൾ സംസാരവിഷയം. ചടങ്ങിനെത്തുന്ന അതിഥികളും, വിവാഹവേദിയും, വിവാഹ ചെലവുകളും അങ്ങനെ വാർത്തകൾ പലതുണ്ട്. ഷാരൂഖും സൽമാനും ഒന്നിച്ച് അർപിതയ്ക്ക് ചുംബനം നൽകുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അർപിതയുടെ വിവാഹത്തിന് മുന്നോടിയായി മുംബൈയിൽ വച്ച് നടന്ന പ്രത്യേക ചടങ്ങിൽ എത്തിയതായിരുന്നു ഷാരൂഖ്. അർപിത തന്നെയാണ് ഖാന്മാരുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒട്ടേറെ കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സൽമാന്റെ സഹോദരിയുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെങ്കിലും താൻ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഷാറൂഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബോളിവുഡിലെ ബദ്ധവൈരികളെന്ന് അറിയപ്പെടുന്നവരാണ് ഇരുവരും. സിനിമാതാരങ്ങളെ കൂടാതെ പ്രമുഖ രാഷ്ട്രീയ, വ്യാവസായിക പ്രമുഖരടക്കം ഒട്ടേറെപേർ ചടങ്ങിൽ സംബന്ധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, റൃതിക്ക് റോഷൻ, അക്ഷയ് കുമാർ, കരൺ ജോഹർ, അജയ് ദേവ്ഗൻ, സേഫ് അലിഖാൻ, കരീന, ദീപിക പദുക്കോൺ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി എന്നിവരേയും അർപിതയുടെ വിവാഹത്തിനായി സൽമാൻ ക്ഷണിച്ചിട്ടുണ്ട്. നവംബർ 18 ന് ഹൈദരാബാദിലെ ഫലക്‌നുമ പാലസിൽ വച്ചാണ് അർപിതയുടെയും ആയുഷ് ശർമ്മയുടേയും വിവാഹം. ഒരു കോടി രൂപയാണ് പാലസിന് ഒരു ദിവസത്തെ വാടക. രണ്ട് ദിവസത്തേയ്ക്കാണ് സൽമാൻ പാലസ് ബുക്ക് ചെയ്തിരിക്കുന്നത്.


