ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പാകിസ്ഥാനിലുള്ള സഹോദരി അന്തരിച്ചു

ന്യൂഡല്‍ഹി: ഷാരൂഖ് ഖാന്റെ പാകിസ്ഥാനില്‍ പെഷവാറില്‍ താമസിച്ചിരുന്ന കസിന് നൂര്ജഹാന് അന്തരിച്ചു. നൂര്‍ജഹാന്റെ ഇളയ സഹോദരനായ മന്‍സൂര്‍ അഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചതായി പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൂര്ജഹാന് ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ഷാരൂഖ് നേരത്തേ ഇവരുടെ കുടുംബത്തില്‍ മാതാപിതാക്കളുമായി രണ്ട് തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
നൂര്‍ജഹാനും ഭര്‍ത്താവിനുമൊപ്പം ഷാരൂഖ് നില്ക്കുന്ന ചിത്രങ്ങള്‍ താരത്തിന്റെ ആരാധകര്‍ ട്വീറ്റ് ചെയ്തു. പാകിസ്ഥാനില്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു നൂര്ജഹാന്. ഡിസ്ട്രിക്ട്, ടൗണ്‍ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ 2018 ജൂലൈയില്‍ പൊതുതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും അവസാന ഘട്ടത്തില്‍ പിന്‍വലിക്കുകയായിരുന്നു.