സുശാന്ത് സിങ് രാജ്പുതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആ സുപ്രധാന വിവരം ഇല്ല; വെളിപ്പെടുത്തി അഭിഭാഷകന്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒരു സുപ്രധാന വിവരം ചേര്‍ത്തിട്ടില്ലെന്ന് അഭിഭാഷകന്. മരണ സമയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകന് വികാസ് സിങ് പറഞ്ഞതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ സുപ്രധാനമായ ഈ വിവരം താന്‍ കണ്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
മരണ സമയം വ്യക്തമാണെങ്കില്‍ സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നോ അതോ മരിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നോ എന്ന് പറയാന്‍ കഴിയും. ഇക്കാര്യത്തില്‍ മുംബൈ പോലീസും കൂപ്പര്‍ ആശുപത്രിയും മറുപടി പറയേണ്ടി വരും. സത്യം പുറത്തു വരാന്‍ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും വികാസ് സിങ് പറഞ്ഞു. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുശാന്തിന്റെ പിതാവ് നല്കിയ ഹര്‍ജിയില്‍ വികാസ് സിങ്ങാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകന് രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു മുംബൈ പോലീസിന്റെ നിഗമനം.