സുശാന്ത് സിങിന്റെ മരണം; നടി റിയ ചക്രവര്‍ത്തിക്കെതിരെ പരാതി

പാറ്റ്ന: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ പരാതി. സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നുമാണ് റിയക്കെതിരെയുള്ള ആരോപണം. ഐപിസി 306, 420 വകുപ്പുകള്‍ അനുസരിച്ച് റിയക്കെതിരെ കേസെടുക്കണമെന്ന് കാട്ടി കുന്ദന്‍ കുമാര്‍ എന്നയാള്‍ ബിഹാറിലെ മുസാഫര്‍പൂര്‍ കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. നേരത്തേ സുശാന്തിന്റെ മരണത്തില്‍ സല്മാന് ഖാന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും ഇതേ കോടതിയില്‍ ഹര്‍ജി ലഭിച്ചിരുന്നു.
സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. 9 മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. സുശാന്തും റിയയും മാസങ്ങളോളം ഒരുമിച്ച് താമസിച്ചെന്നും ലോക്ക് ഡൗണിനിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് റിയ വീടു വിട്ട് പോവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇതിന് ശേഷവും ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. മരിച്ച ദിവസവും സുശാന്ത് റിയയെ വിളിച്ചിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.