സുശാന്ത് സിങ് കേസ്; മുംബൈ പോലീസ് അന്വേഷണത്തിനെതിരെ സൃഷ്ടിക്കപ്പെട്ടത് 80,000ലേറെ ഫേക്ക് അക്കൗണ്ടുകള്‍; അന്വേഷണം

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തിനെതിരെ ദുഷ്പ്രചരണം നടത്താന്‍ സൃഷ്ടിക്കപ്പെട്ടത് അസംഖ്യം ഫേക്ക് അക്കൗണ്ടുകള്‍. 80,000ലേറെ ഫേക്ക് അക്കൗണ്ടുകള്‍ ഇതിനായി സൃഷ്ടിക്കപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. വിഷയത്തില്‍ ഐടി ആക്ട് അനുസരിച്ച് കേസെടുക്കാനും അന്വേഷണം നടത്താനും മുംബൈ പോലീസ് കമ്മീഷണര്‍ നിര്‍ദേശിച്ചു. സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല.
കേസില്‍ നടന്നു വരുന്ന അന്വേഷണത്തിനെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വന്‍ പ്രചരണമായിരുന്നു നടന്നതെന്ന് സൈബര്‍ യൂണിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തിരുന്നത് ഇറ്റലി, ജപ്പാന്, പോളണ്ട്, സ്ലോവേനിയ, ഇന്തോനേഷ്യ, തുര്‍ക്കി, തായ്ലാന്ഡ്, ഫ്രാന്‍സ്, റോമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു. വിദേശ ഭാഷകളിലുള്ള പോസ്റ്റുകളില്‍ ജസ്റ്റിസ് ഫോര്‍ സുശാന്ത്, സുശാന്ത് സിങ് രാജ്പുത്, എസ്എസ്ആര്‍ തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉണ്ടായിരുന്നുവെന്ന് ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് അറിയിച്ചു. കൂടൂതല്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തെ അട്ടിമറിക്കാനും മുംബൈ പോലീസിന്റെ പ്രതിച്ഛായ തകര്‍ക്കാനുമായി സ്ഥാപിത താല്പര്യക്കാര് നടത്തുന്ന നീക്കമാണ് ഇതെന്നും പോലീസ് പറയുന്നു. പോലീസിനെ അധിക്ഷേപിക്കാന്‍ അനവധി ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയാണ്. 6000ത്തോളം പോലീസുകാര്‍ക്ക് കോവിഡ് ബാധിക്കുകയും 84 പേര് മരിക്കുകയും ചെയ്ത അവസരത്തിലാണ് പോലീസ് സേനയെ താറടിക്കാന്‍ ഇങ്ങനെയൊരു നീക്കമെന്നും കമ്മീഷണര്‍ പരം ബീര്‍ സിങ് പറഞ്ഞു.