സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും താരത്തിന്റെ മാതൃസഹോദരന്‍ ആര്.സി.സിങ് പറഞ്ഞു. മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിങ് ആരോപിച്ചു. സുശാന്ത് കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് ജന്അധികാര് പാര്‍ട്ടി നേതാവ് പപ്പു യാദവും പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹവും ഉന്നയിച്ചു. സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.
താരത്തിന്റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. മൃതദേഹം ഞായറാഴ്ച തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംസ്കാര ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.