സ്വവർഗ പ്രണയം പ്രമേയമായ സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു

മുംബൈ: സ്വവർഗ പ്രണയം പ്രമേയമായ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്. രാജ് അമിത്കുമാറിന്റെ അൺഫ്രീഡം എന്ന സിനിമയ്ക്കാണ് സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. സ്വവർഗ പ്രണയത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ആദിൽ ഹുസൈനും വിക്ടർ ബാനർജിയുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്.
ഇതിൽ അൽപം ഇസ്ലാമിക തീവ്രവാദം കൂടിയുണ്ടെന്ന കണ്ടെത്തലും ബോർഡ് നടത്തിയിട്ടുണ്ട്. പല രംഗങ്ങളും കാണാൻ കൊളളാത്തവയാണെന്നും ബോർഡ് വിലയിരുത്തിയതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ബോർഡിന്റെ നിലപാട് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിബിസിയുടെ ഇന്ത്യാസ് ഡോട്ടർ എന്ന ഡോക്യുമെന്ററി ഇന്ത്യയിൽ വിലക്കിയപ്പോൾ ഇത് ഏറെ ശ്രദ്ധ നേടിയകാര്യവും ചൂണ്ടിക്കാട്ടപ്പെടുന്നു. ബോർഡിന്റെ മൂന്ന് സമിതികളും സിനിമ തളളിയതായി സംവിധായകൻ സ്ഥിരീകരിച്ചു.
എക്‌സാമിനിംഗ് കമ്മിറ്റിയും റിവൈസിംഗ് കമ്മിറ്റിയും ഫിലിം സർട്ടിഫിക്കേഷൻ സമിതിയും തളളിയാൽ സിനിമ നിരോധിച്ചുവെന്നാണ് അർത്ഥം. പക്ഷേ സംവിധായകന് കോടതിയെ സമീപിക്കാവുന്നതാണ്. നിയമത്തിന്റെ വഴിയെ നിരോധനത്തെ നേരിടാൻ തന്നെയാണ് കുമാറിന്റെ നീക്കം.
എന്ത് നിർമ്മിക്കണം എന്ത് നിർമ്മിക്കതരുത് എന്ന് തീരുമാനിക്കാനുളള സ്വാതന്ത്ര്യം സംവിധായകനുളളതാണെന്നും അതിൽ സെൻസർബോർഡിന് കൈകടത്താൻ അധികാരമില്ലെന്നും കുമാർ തുറന്നടിക്കുന്നു.

