ബോളിവുഡ് താരങ്ങൾക്ക് പ്രണയലേഖനങ്ങളുടെ പ്രവാഹം; ഹിന്ദു മഹാസഭ വാക്ക് പാലിക്കണമെന്ന് ആവശ്യം
മുംബൈ: വാലന്റെൻസ് ദിനത്തിൽ പ്രണയം പ്രകടിപ്പിക്കുന്നവരെ വിവാഹം കഴിപ്പിക്കുമെന്ന് പ്രസ്താവന നടത്തിയ ഹിന്ദു മഹാസഭയ്ക്കെതിരെ പ്രതിഷേധ പ്രവാഹം. ഹിന്ദി സിനിമാ താരങ്ങളോട് പ്രണയം വെളിപ്പെടുത്തി ശേഷം തങ്ങളുടെ വിവാഹം ഹിന്ദുമഹാ സഭ നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തി. കൽക്കത്താ സ്വദേശിനിയായ സുരഞ്ജന റോയ് ഭട്ടാചാര്യ ചോദിക്കുന്നു. ‘എനിക്ക് അക്ഷയ് കുമാറിനോട് കടുത്ത പ്രണയമാണ്, ഞങ്ങളുടെ വിവാഹം നടത്തിത്തരാൻ ഹിന്ദു മഹാസഭയ്ക്ക് കഴിയുമൊ?’ ഫേസ്ബുക്കിൽ അക്ഷയ് കുമാറിന് ഒരു പ്രണയ ലേഖനം എഴുതിയ ശേഷമായിരുന്നു സുരഞ്ജനയുടെ അഭ്യർത്ഥന.
ഐശ്യരാ റായുമുതൽ ഒട്ടുമിക്ക ബോളിവുഡ് സുന്ദരിമാരേയും തനിക്കിഷ്ടാമാണെന്നും ഹിന്ദുമഹാസഭ മുൻകൈ എടുത്ത് വിവാഹം നടത്തി തരണമെന്നും മലായാളിയായ ബാബുദാസ് അഗസ്റ്റിൻ പറയുന്നു. എഴുത്തുകാരിയായ സഞ്ചിത ഗുഹയുടെ ആഗ്രഹം ജോർജ് ക്ലൂണിയുടെ ഇന്ത്യൻ ഭാര്യയായി ജീവിക്കണമെന്നാണ് അതിനാൽ ഹിന്ദുമഹാസഭ ഇടപെട്ട് തങ്ങളുടെ പ്രണയം സാക്ഷാത്കരിച്ച് നൽകണമെന്നും അവർ പറയുന്നു. വിദേശ യുവതിയായ രോഹ സ്‌നിച്ച്‌സെർക്ക് ഇതെല്ലാം രസകരമായ കാര്യങ്ങളായിട്ടാണ് തോന്നുന്നത്. 14ാം തിയതി ഇന്ത്യയിൽ വരണമെന്നും തന്റെ മനസിൽ സ്‌നേഹം തോന്നുന്നവരോടെല്ലാം അത് പ്രകടിപ്പിക്കണമെന്നും രോഹ പറയുന്നു. തന്റെ അമ്മയോട് സ്‌നേഹം പ്രകടിപ്പിച്ചാൽ അവരെഎന്തു ചെയ്യുമെന്നും രോഹ ചോദിക്കുന്നു.
എന്നിരുന്നാലും ഹിന്ദുമഹാസഭയുടെ വിവാദ നിലപാടിൽ സന്തോഷിക്കുന്ന മിഥുനങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. ഒരു പാട് കാലമായിട്ടും വീട്ടുകാർ സമ്മതിക്കാത്തതിന്റെ പേരിൽ കല്യാണം കവിക്കാനാവത്ത കാമുകീ കാമുകന്മാർ രണ്ടും കല്പിച്ച് വാലൈന്റ്‌സ് ഡേ ആഘോഷിക്കാനാണ് തീരുമാനം.
പ്രണയദിനം ആഘോഷിക്കുന്നവരെയും പ്രണയദിനത്തിൽ പരസ്യമായി ഒന്നിച്ച് നടക്കുന്നവരെയും പിടിച്ചു കല്യാണം കഴിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ വഴി ആഘോഷിക്കുന്നവരെയും കെട്ടിക്കുമെന്നാണ് ഹിന്ദു മഹാസഭയുടെ തീരുമാനം. എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് സോഷ്യൽ മീഡിയയെ നിരീക്ഷിക്കാൻ സംഘടന സംവിധാനമേർപ്പെടുത്തിക്കഴിഞ്ഞു. ഈ ആഴ്ചയിൽ പ്രണയം പ്രകടിപ്പിച്ച് പോസ്റ്റിടുന്നവരെയും ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പ്രണയ സന്ദേശം കുറിക്കുന്നവരെയും പിടിച്ചുകെട്ടിക്കുമെന്നാണ് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷനായ ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞിരിക്കുന്നത്.
ഫെബ്രുവരി എട്ട് മുതലാണ് ഹിന്ദുമഹാസഭ എർപ്പാടാക്കിയ എട്ട് ടീമുകൾ സോഷ്യൽ മീഡിയകൾ നിരീക്ഷിക്കുന്നത്. ഫെബ്രവരി 14ന് കൈയിൽ പനിനീർ പൂവ് കൊണ്ടുനടക്കുകയോ മാളുകളിലോ പാർക്കുകളിലോ ഒന്നിച്ചിരുന്ന് ആലിംഗനം ചെയ്യുകയോ ചെയ്താൽ ശക്ഷ ലഭിക്കുമെന്നും ഹിന്ദു മഹാസഭാ അധ്യക്ഷൻ പറഞ്ഞിരുന്നു.

