ഹിന്ദി നടി ശിഖ ജോഷിയുടെ മരണത്തിന് പിന്നിൽ ഡോക്ടറുടെ ശല്യപ്പെടുത്തൽ; അന്ത്യനിമിഷങ്ങളുടെ വീഡിയോ പുറത്ത്
മുംബൈ: നടിയും മോഡലുമായ ശിഖ ജോഷിയുടെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ശിഖയുടേത് ആത്മഹത്യയെന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോസ്‌മെറ്റിക് സർജൻ ഡോക്ടർ വിജയ് ശർമ്മയുടേയും വിവാഹിതരായ മറ്റ് ചിലരുടേയും ശല്യം മടുത്തെന്ന് ശിഖ പറയുന്ന ഒരു വീഡിയോ പോലീസ് പരിശോധിച്ച് വരികയാണ്.ശിഖയ്‌ക്കൊപ്പം താമസിക്കുന്ന മധു ഭാരതി പതാനാണ് ശിഖയുടെ അവസാന വാക്കുകൾ വീഡിയോയിൽ പകർത്തിയത്. സംഭവം നടക്കുമ്പോൾ താൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നതുകൊണ്ടാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് മധു ഭാരതി പോലീസിനോട് പറഞ്ഞു.
ഞായറാഴ്ചയാണ് വർസോവയിലെ അപ്പാർട്ട്‌മെന്റിലെ ബാത്‌റൂമിൽ കഴുത്തിൽ നിന്നും ചോര വാർന്ന നിലയിൽ ശിഖയെ കണ്ടെത്തിയത്. ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞതുകൊണ്ടാണ് ശിഖ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നായിരുന്നു ഇതിന് പിന്നാലെ വന്ന റിപ്പോർട്ടുകൾ. ശിഖയ്ക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി മധു ഭാരതിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശിഖയുടേത് ആത്മഹത്യയല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
2011ൽ ഡോക്ടർ. വിജയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ശിഖ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ സഹോദരനൊപ്പം രാത്രിയിൽ ഡോക്ടറുടെ വീടിന് കല്ലെറിഞ്ഞതിന് ശിഖയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വീഡിയോ കാണാം.


