‘പികെ’ക്കെതിരെ വി.എച്ച്.പിയുടെ പരാതി; സീനുകൾ ഒഴിവാക്കില്ലെന്ന് ഹിന്ദുസംഘടനകളോട് സെൻസർ ബോർഡ്

ന്യൂഡൽഹി: ആമിർ ഖാൻ നായകനായ ‘പികെ’ക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് പരാതി നൽകി. ചിത്രത്തിലെ വിവിധ ഭാഗങ്ങൾ ഹൈന്ദവരുടെ മതവിശ്വാസത്തെ വൃണപ്പെടുത്തുന്നു എന്ന് ചൂണ്ടികാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. വി.എച്ച്.പി വക്താക്കളായ വിനോദ് ബൻസലും വിജയ് ശങ്കർ തിവാരിയുമാണ് കത്തിൽ ഒപ്പു വെച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിനിമയ്‌ക്കെതിരെ പ്രതിഷേധമുയരുന്നുണ്ടെന്നും ജനങ്ങൾ പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, മതവികാരത്തെ വ്രണപ്പെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന സീനുകൾ ഒഴിവാക്കണമെന്ന ഹിന്ദു സംഘടകളുടെ ആവശ്യം സെൻസർ ബോർഡ് തള്ളി. ചിത്രം റിലീസ് ചെയ്തതിനാൽ ഒരു സീനും ഒഴിവാക്കില്ലെന്ന് ബോർഡ് ചെയർപേഴ്‌സൺ ലീല സാംസൺ അറിയിച്ചു.
രാജ്കുമാർ ഹിറാനി സംവിധാനം നിർവഹിച്ച ആക്ഷേപഹാസ്യ ചിത്രത്തിൽ ആൾദൈവങ്ങൾക്കെതിരെയും പരാമർശമുണ്ട്. അനുഷ്‌ക ശർമ്മയാണ് ചിത്രത്തിലെ നായിക. സിനിമ കണ്ട മുതിർന്ന ബിജെപി നേതാവ് എൽകെ അധ്വാനി ‘പികെ’ മികച്ച ചിത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.

