നിരന്തരം ഒടിടി റിലീസ്; പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍

 | 
Prithviraj

പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ക്ക് തീയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍. ഇന്ന് ചേര്‍ന്ന തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ചിലര്‍ ഈ ആവശ്യം ഉന്നയിച്ചത്. താരത്തിന്റെ ചിത്രങ്ങള്‍ ഒടിടിയില്‍ നിരന്തരം റിലീസ് ചെയ്യുകയാണെന്ന് കാട്ടിയാണ് ആവശ്യം. എന്നാല്‍ യോഗത്തില്‍ പൃഥ്വിരാജിനെ അനുകൂലിച്ച് ദിലീപ് രംഗത്തെത്തി. സാഹചര്യങ്ങളാണ് ഒടിടി റിലീസിന് ചിലരെ നിര്‍ബന്ധിക്കുന്നതെന്ന് ദിലീപ് പറഞ്ഞു.

കോള്‍ഡ് കേസ്, കുരുതി, ഭ്രമം തുടങ്ങിയവ പൃഥ്വിരാജിന്റേതായി തുടര്‍ച്ചയായി ഒടിടിയില്‍ എത്തിയ ചിത്രങ്ങളാണ്. പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച ബ്രോ ഡാഡി, സ്റ്റാര്‍, ഗോള്‍ഡ് തുടങ്ങിയവയാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാറില്‍ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നത്.

ഈ ചിത്രം ഒക്ടോബര്‍ 29ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബ്രോ ഡാഡി ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മരയ്ക്കാല്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ചിത്രം ഒടിടി റിലീസിന് നല്‍കരുതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്നും ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.