ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

 | 
danush aiswarya

നടന്‍ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് കോടതി വിവാഹമോചനം അനുവദിച്ചത്. മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്. മൂന്ന് തവണയും ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ഇരുവരും അനുരഞ്ജനത്തിലേര്‍പ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. നവംബര്‍ 21 ന് ഇരുവരും കോടതിയില്‍ എത്തി. ഇന്നാണ് വിവാഹമോചന വിധി വന്നത്.

2022-ലാണ് ധനുഷും ഐശ്വര്യയും വിവാഹ വേര്‍പിരിയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സംയുക്തപ്രസ്താവനയായി വിവരം ആരാധകരെ അറിയിക്കുകയായിരുന്നു. 'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര. വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും വിട്ടുവീഴ്ച കളുടേയും പൊരുത്തപ്പെടലിന്റെയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മള്‍ നമ്മുടെ വഴികള്‍ വേര്‍പെടുന്ന ഒരിടത്താണ് നില്‍ക്കുന്നത്. ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.' എന്നാണ് ഇരുവരും പ്രസ്താവനയിലൂടെ പറഞ്ഞത്.