ഒന്നും വേണ്ട, ജീവനാംശമായി വാഗ്ദാനം ചെയ്ത 200 കോടി നിരസിച്ച് സാമന്ത; റിപ്പോർട്ട്

ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും അടുത്തിടെയാണ് നിയമപരമായി വിവാഹബന്ധം വേര്‍പിരിഞ്ഞത്. മുംബൈ ബാന്ദ്രയിലെ കുടുംബകോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. വിവാഹമോചന ഉടമ്പടി പ്രകാരം 4.75 കോടി രൂപയാണ് ധനശ്രീക്ക് ജീവനാംശമായി നല്‍കാമെന്ന് ചാഹല്‍ സമ്മതിച്ചിരിക്കുന്നത്. ഇതില്‍ 2.37 കോടി രൂപ ആദ്യഘട്ടമായി നല്‍കിയിരുന്നു. ബാക്കിതുക വിവാഹമോചന നടപടി പൂര്‍ത്തിയാക്കിയശേഷം നല്‍കണമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഇപ്പോഴിതാ ധനശ്രീ വർമയെ നടി സാമന്തയുമായി താരതമ്യം ചെയ്തുകൊണ്ട് വ്യാപകമായ പ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്.
വിവാഹമോചനത്തിന്റെ പശ്ചാത്തലത്തില്‍ സാമന്തക്ക് ജീവനാംശമായി 200 കോടി വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ നടി ഇത് നിഷേധിച്ചെന്നുമാണ് റിപ്പോര്‍ട്ടുകൾ. നാഗചൈന്യയും കുടുംബവും വാഗ്ദാനം ചെയ്ത ഒരു തുകയും വാങ്ങാന്‍ നടി തയ്യാറായിരുന്നില്ല. വിവാഹത്തില്‍ നിന്ന് പങ്കാളിയുടെ സ്‌നേഹമാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റൊന്നും ആവശ്യമില്ലെന്നും നടിയുമായി അടുത്ത വൃത്തങ്ങള്‍ അന്ന് വ്യക്തമാക്കിയിരുന്നു. ജീവനാംശം നിരസിച്ച നടിയുടെ തീരുമാനമാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നത്. വിവാഹമോചനം ഏറെ ആലോചിച്ച ശേഷം രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് അടുത്തിടെ നടൻ നാഗചൈതന്യ വ്യക്തമാക്കിയിരുന്നു.
'ഞങ്ങൾക്ക് ഞങ്ങളുടേതായ വഴികളിലൂടെ സഞ്ചരിക്കണമായിരുന്നു. ഞങ്ങളുടേത് മാത്രമായ കാരണങ്ങളാൽ ഒരുമിച്ചെടുത്ത തീരുമാനമാണത്. രണ്ടുപേരും നമ്മുടേതായ രീതിയിൽ മുന്നോട്ട് പോകുന്നു. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടതെന്ന് മനസ്സിലാകുന്നില്ല. പ്രേക്ഷകരും മാധ്യമങ്ങളും അതിനെ ബഹുമാനിക്കുമെന്ന് കരുതുന്നു. ഈ വിഷയത്തിൽ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കേണ്ടതുണ്ട്. ഇത് എന്റെ ജീവിതത്തിൽ മാത്രം നടക്കുന്ന സംഭവമല്ല, പിന്നെ എന്തിനാണ് എന്നെ ഒരു കുറ്റവാളിയായി കാണുന്നത്', നാഗചൈതന്യ ചോദിച്ചു.
'ഞങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുടേയും താത്പര്യം മനസ്സിൽ വെച്ചാണ് ഇതുചെയ്തത്. വേർപിരിയേണ്ടി വന്ന ഒരു കുടുംബത്തിന്റെ ഭാഗമായാണ് ഞാനും വളർന്നത്. അതിനാൽ, ഒരു ബന്ധം തകരുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അതിനാൽ, വളരെ ശ്രദ്ധയോടെയാണ് ഓരോ ചുവടുമെടുത്തത്. ഞാൻ വീണ്ടും മറ്റൊരു പ്രണയത്തെ കണ്ടുമുട്ടി. സന്തോഷത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്. അവരും അങ്ങനെതന്നെ', നാഗചൈതന്യ പറഞ്ഞു.
2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.