മരയ്ക്കാര്‍ വ്യാജ പതിപ്പ് ടെലഗ്രാമില്‍; കോട്ടയത്ത് യുവാവ് പിടിയില്‍

 | 
Marakkar

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കോട്ടയം, കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് ആണ് പിടിയിലായത്. കോട്ടയം എസ്പി ഡി.ശില്‍പയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ടെലഗ്രാമിലൂടെയായിരുന്നു ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്.

സിനിമ കമ്പനി എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു ചിത്രം പ്രചരിപ്പിച്ചത്. നല്ല പ്രിന്റാണെന്നും ഓഡിയോ കേള്‍ക്കാന്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കണമെന്നുമുള്ള കുറിപ്പോടെയാണ് ചിത്രം അപ്ലോഡ് ചെയ്തിരുന്നത്. ഇത് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയും അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. എരുമേലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്ന് ഇന്ന് രാവിലെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ഇവര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന സൂചനയും പോലീസ് നല്‍കുന്നു. ഡിസംബര്‍ 2ന് റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് അന്നു തന്നെ ടെലഗ്രാമില്‍ എത്തിയിരുന്നു.