പീഡന പരാതി; ബാബുരാജിനെതിരെ കേസെടുത്തു; യുവതിയുടെ മൊഴിയെടുത്തു

 | 
baburaj

നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡിഐജിക്ക് മെയില്‍ വഴി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019 ല്‍ അടിമാലി കമ്പിലൈനിലുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. യുവതിയുടെ മൊഴി ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

അതേസമയം നടന്‍ ജയസൂര്യ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയില്‍ തൊടുപുഴ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി നടിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം, നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തും. 2013 ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. പരാതിയില്‍ കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകളുമായി സിനിമാ മേഖലയില്‍ നിന്ന് നിരവധി സ്ത്രീകളാണ് രംഗത്തെത്തുന്നത്. ഇത്തരം പരാതികളില്‍ സിദ്ധിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരായ അന്വേഷണം പൊലീസ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.