ഹോളിവുഡ് നടി ഡെമി മൂറിന്റെ നീന്തല്‍ക്കുളത്തില്‍ യുവാവ് മരിച്ച നിലയില്‍
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടി ഡെമി മൂറിന്റെ ബെവെര്‍ലി ഹില്‍സിലുള്ള വീട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തൊന്നു വയസ് പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഡെമിയുടെ വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവാവാണ് മരിച്ചതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നീന്തല്‍ അറിയാത്ത യുവാവ് പാര്‍ട്ടിക്കിടെ നീന്തല്‍ക്കുളത്തില്‍ തെന്നി വീണതാണെന്ന് സെലിബ്രിറ്റി വെബ്സൈറ്റ് ടിഎംസി റിപ്പോര്‍ട്ട് ചെയ്തു.
സംഭവം നടക്കുന്ന സമയത്ത് ഡെമിയും മൂന്നു മക്കളും വീട്ടിലുണ്ടായിരുന്നില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഭര്‍ത്താവ് ആഷ് കച്ചറിനൊപ്പം ഡെമി വാങ്ങിയതാണ് ഈ വീട്. വീട്ടില്‍ പാര്‍ട്ടി നടക്കുന്ന ചിത്രം മൂറിന്റെ മകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.