ചന്ദ്രമുഖി-2ലെ നൃത്തത്തിന് കങ്കണയ്ക്കെതിരെ പരിഹാസം
പി.വാസു സംവിധാനം ചെയ്ത് രാഘവാ ലോറൻസ് നായകനാവുന്ന പുതിയ ചിത്രമാണ് ചന്ദ്രമുഖി 2. വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണിത്. കങ്കണ റണൗട്ട് നായികയാവുന്ന ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ രണ്ടുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. സ്വാഗതാഞ്ജലി എന്ന ഈ ഗാനത്തിലെ കങ്കണയുടെ പ്രകടനത്തിന് രൂക്ഷമായ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കങ്കണ നല്ലൊരു നടിയായിരിക്കാം എന്നാൽ നർത്തകിയല്ല എന്നാണ് ഉയർന്ന വിമർശനങ്ങളിലൊന്ന്. ചന്ദ്രമുഖി ആദ്യഭാഗത്തിലെ നായികയായ ജ്യോതികയുടെ പ്രകടനത്തെ വെച്ചുള്ള താരതമ്യവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ജ്യോതിക പരിശീലനം ലഭിച്ച ഡാൻസർ അല്ലെങ്കിലും കങ്കണ ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണെന്നാണ് എന്നും കങ്കണയ്ക്ക് പകരം അനുഷ്കയെ നായികയാക്കാമായിരുന്നുവെന്നും ആണ് നടിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ.