കുറുപ്പ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ 50 ശതമാനത്തിലും കൂടുതല്‍ കാണികളെ കയറ്റുന്നു; പരാതിയുമായി നിര്‍മാതാക്കള്‍

കുറുപ്പ് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ സര്‍ക്കാര്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റുന്നതായി നിര്‍മാതാക്കള്‍. തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന് നല്‍കിയ പരാതിയിലാണ് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയ്ക്ക് പരാതി നല്‍കിയത്. തീയേറ്ററുകളുടെ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഈ നിര്‍ദേശം മറികടന്ന് കുടുതല്‍ ആളുകളെ കയറ്റുന്നത് നിര്‍മാതാക്കള്‍ക്കും സര്‍ക്കാരിനും നഷ്ടമുണ്ടാക്കും. അതിനാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ ആളുകളെ കയറ്റി ലഭിക്കുന്ന വരുമാനം ഡെയിലി കളക്ഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്. തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യവും കമ്പനി ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ തീയേറ്ററുകളും നവംബര്‍ 12 മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ നിര്‍മാണ കമ്പനി ആവശ്യപ്പെടുന്ന മുറയ്ക്ക് നല്‍കണമെന്ന് ഫിയോക് നേതൃത്വം നിര്‍ദേശം നല്‍കി.
ഓരോ ഷോ കഴിയുമ്പോഴും കളക്ഷന്‍ വിവരങ്ങള്‍ ഓരോ ക്ലാസ് തിരിച്ച് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ അയച്ചു കൊടുക്കണമെന്നും സംഘടന നിര്‍ദേശിക്കുന്നു. ഒരു പടവും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന സമയത്ത് എല്ലാ തീയേറ്ററിലും പടം തന്ന് സഹായിച്ച അവരോട് വലിയ വഞ്ചനയാണ് തീയേറ്ററുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന വിമര്‍ശനവും സംഘടന ഉന്നയിക്കുന്നു.