മിന്നല്‍ മുരളി ക്രിസ്തുമസ് തലേന്ന്; സമയം പുറത്തുവിട്ട് ടൊവീനോ തോമസ്

 | 
Minnal Murali

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ മിന്നല്‍ മുരളി 24-ാം തിയതി എത്തുന്നു. നെറ്റ്ഫ്‌ളിക്‌സിലാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മിന്നല്‍ മുരളിയുടെ റിലീസ്. ഉച്ചയ്ക്ക് 1.30ന് ചിത്രം പ്രീമിയര്‍ ചെയ്യുമെന്ന് ടോവീനോ തോമസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷനുകള്‍ ശ്രദ്ധ നേടിയിരുന്നു.

മുംബൈ ജിയോമാമി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അന്താരാഷ്ട്ര തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. റെസ്ലിംഗ് താരം ഗ്രേറ്റ് ഖാലി പ്രത്യക്ഷപ്പെട്ട പ്രമോഷണല്‍ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഏറെ പ്രതീക്ഷകളുമായാണ് മിന്നല്‍ മുരളിയെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ടോവിനോയെക്കൂടാതെ അജു വര്‍ഗീസ്, മാമുക്കോയ, തമിഴ് താരം ഗുരു സോമസുന്ദരം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പുതുമുഖതാരം ഫെമിന ജോര്‍ജാണ് നായിക. അരുണ്‍ എ.ആര്‍, ജസ്റ്റിന്‍ മാത്യൂസ് എന്നിവരാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം സമീര്‍ താഹിര്‍. ഷാന്‍ റഹ്‌മാന്‍, സുഷിന്‍ ശ്യാം എന്നിവരാണ് സംഗീതം. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.