മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം

 | 
madhu

അറുപതു വർഷമായി മലയാള സിനിമയിൽ സജീവസാന്നിധ്യമായ മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം. ഹിന്ദി അധ്യാപകനായാണ് മധുവിന്റെ കരിയർ തുടങ്ങിയത്. പിന്നീട് നാടക രംഗത്തേക്ക് എത്തി. രാമു കാര്യാട്ട് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. നാനൂറിലധികം  കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്തു. 15 സിനിമകൾ നിർമ്മിച്ചു. 

തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് തിരുവനന്തപുരം മുൻ മേയർ ആർ പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933-ലാണ് ജനനം. നാട്ടിൻപുറത്തെ നാടകങ്ങൾ കണ്ടാണ് നടനാകാൻ മോഹിച്ചത്. നാഗർകോവിലെ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിൽ ഹിന്ദി അധ്യാപകനായിരിക്കെ 1959-ൽ ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിക്കാനായി അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ചു. സ്‌കൂൾ ഓഫ് ഡ്രാമയിൽ വച്ച് നടൻ അടൂർ ഭാസിയാണ് മധുവിനെ സംവിധായകൻ രാമു കാര്യാട്ടിന് പരിചയപ്പെടുത്തിയത്. രാമു കാര്യാട്ട തന്റെ മൂടുപടം എന്ന സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും സിനിമ വൈകി.

1963-ൽ നിണമണിഞ്ഞ കാൽപാടുകളിൽ വേഷമിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുന്ന സ്റ്റീഫൻ എന്ന സൈനികനെയാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ ഗാനരചയിതാവായിരുന്ന പി ഭാസ്‌കരനാണ് മാധവൻ നായരുടെ പേര് മധു എന്നാക്കി മാറ്റിയത്. 1965-ൽ രാമുകാര്യാട്ടിന്റെ ചെമ്മീനിലെ പരീക്കുട്ടി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച കാൽപനിക കഥാപാത്രങ്ങളിലൊന്നായി മാറി. ബാപ്പുട്ടി, തകഴിയുടെ ഏണിപ്പടികളിലെ കേശവൻപിള്ള, രമണനിലെ മദനൻ, തുടങ്ങി നിരവധി വേഷങ്ങളിൽ മധു തിളങ്ങി. മലയാളത്തിനു പുറമേ, ഹിന്ദിയിലും തമിഴിലും മധു വേഷമിട്ടു. അമിതാഭ് ബച്ചന്റെ ആദ്യ സിനിമയായ സാത് ഹിന്ദുസ്ഥാനിയിൽ ഫുട്ബോൾ കോച്ചിന്റെ വേഷത്തിലായിരുന്നു മധു.

അഭിനയത്തിൽ മാത്രമല്ല, കഥയെഴുതാനും സംവിധാനം ചെയ്യാനും സിനിമ നിർമ്മിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടോളം സിനിമയാണ് അദ്ദേഹം സംവിധാനം ചെയ്തത്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ മധു ഫ്രെയ്മിലേക്കിറങ്ങുന്നത് ഭാവ നായകനായാണ്. നാനൂറിൽ പരം സിനിമകളിൽ വേഷമിട്ട മധുവിന്റെ കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ഒരുപക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകാരന്മാരുടെ കഥകൾക്ക് മുഖമായ നായകന്മാരിൽ ഒരാളാണ് മധു. എംടി, വൈക്കം മുഹമ്മദ് ബഷീർ, തകഴി, ഉറൂബ്, എസ് കെ പൊറ്റക്കാട് തുടങ്ങിയ എഴുത്തുകാർ അക്ഷരം കൊണ്ട് ജീവൻ നൽകിയ കഥാപാത്രങ്ങൾക്ക് മധു തിരശീലയിൽ ജീവൻ നൽകി.