അപ്രതീക്ഷിത സന്ദര്‍ശനം; പി.ആര്.ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി

കൊച്ചി: ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി സാന്നിധ്യം പി.ആര്.ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി. ഇന്ന് രാവിലെയാണ് താരത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ പൂക്കളുമായി എത്തിയ മമ്മൂട്ടി ശ്രീജേഷിനെയും ഇന്ത്യന്‍ ടീമിനെയും അഭിനന്ദിച്ചു.
ശ്രീജേഷ് ഒളിമ്പിക് മെഡല്‍ മമ്മൂട്ടിയെ കാണിച്ചു. നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി ശ്രീജേഷിനെ സന്ദര്‍ശിക്കാന്‍ എത്തിയത്. ഒളിമ്പിക്സ് മെഡല്‍ നേടിയ ശ്രീജേഷിന് 2 കോടി രൂപ നല്കാന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയ ശ്രീജേഷിന് ജോയിന്റ് ഡയറക്ടര്‍ ആയി സ്ഥാനക്കയറ്റവും നല്കി.
49 വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളിക്ക് ഒളിമ്പിക് മെഡല്‍ ലഭിക്കുന്നത്. ഒളിമ്പിക്സില്‍ പങ്കെടുത്ത മറ്റ് മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്നും കായിക മന്ത്രി വി.അബ്ദുറഹ്മാന് വ്യക്തമാക്കിയിരുന്നു.