‘8.20’ ഇന്ന്; രാജ്യത്തെ ആദ്യ ഇന്റർനെറ്റ് റിലീസ്

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യ ഇന്റർനെറ്റ് റിലീസ് ഇന്ന്. നവാഗതനായ ശ്യാം മോഹൻ സംവിധാനം ചെയ്ത ചിത്രം '8.20' ആണ് ഇന്ന് മുതൽ കാണാൻ കഴിയുക. കെ.എസ്.എഫ്.ഡി.സി ചെയർമാൻ സാബു ചെറിയാനാണ് ചിത്രം നിർമ്മിച്ചത്.
 | 

‘8.20’ ഇന്ന്; രാജ്യത്തെ ആദ്യ ഇന്റർനെറ്റ് റിലീസ്
തിരുവനന്തപുരം:
 ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യ ഇന്റർനെറ്റ് റിലീസ് ഇന്ന്. നവാഗതനായ ശ്യാം മോഹൻ സംവിധാനം ചെയ്ത ചിത്രം ‘8.20’ ആണ് ഇന്ന് മുതൽ കാണാൻ കഴിയുക. കെ.എസ്.എഫ്.ഡി.സി ചെയർമാൻ സാബു ചെറിയാനാണ് ചിത്രം നിർമ്മിച്ചത്. തിയേറ്ററുകളുടെ നിസ്സഹകരണത്തെ മറികടക്കാനാണ് ചിത്രം ഇന്റനെറ്റിലൂടെ ലോകവ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സാബു ചെറിയാൻ പറഞ്ഞു. ഈ ശ്രമം വിജയകരമായാൽ അത് മലയാള സിനിമയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

www.letfilm.com എന്ന വെബ്‌സൈറ്റിലൂടെയാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം റിലീസ് ചെയ്യുന്നത്. 300 രൂപ നൽകിയാൽ ലോകത്തെവിടെ നിന്നും ചിത്രം വെബ്‌സൈറ്റിലൂടെ കാണാൻ സാധിക്കും. ഒരു തവണ പണം നൽകിയാൽ മൂന്ന് തവണ ചിത്രം കാണാം.

കാസനോവ, ഗ്രാൻഡ് മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർജുൻ നന്ദകുമാറാണ് 8.20ലെ നായകൻ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ക്രൊക്കഡൈൽ ലവ് സ്‌റ്റോറി എന്നിവയിൽ വേഷമിട്ട അവന്തിക മോഹനാണ് നായിക. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സാബു ചെറിയാൻ ഒരു ചിത്രം നിർമിക്കുന്നത്.

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ വധിക്കുന്നത് ഇതിവൃത്തമാക്കിയ ‘ദ ഇന്റർവ്യൂ’ എന്ന അമേരിക്കൻ ചിത്രം തിയേറ്ററുകൾ സഹകരിക്കാത്തതിനെ തുടർന്ന് ഇന്റർനെറ്റ് വഴി റിലീസ് ചെയ്തിരുന്നു.