ആടുജീവിതം സിനിമാ സംഘം വെള്ളിയാഴ്ച തിരികെയെത്തും

കൊച്ചി: ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയ സംഘം വെള്ളിയാഴ്ച തിരിച്ചെത്തും. രണ്ട് മാസമായി ജോര്‍ദാനില്‍ തുടരുന്ന സംഘം കോവിഡ് വ്യാപനം മൂലം പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ കുടുങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദിവസങ്ങളോളം ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. പിന്നീട് ചിത്രീകരണം പുനരാരംഭിച്ച ചിത്രത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ജോര്‍ദാനില്‍ നിന്ന് ഡല്‍ഹി വഴിയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനത്തിലായിരിക്കും 58 അംഗ സംഘം കൊച്ചിയില്‍ എത്തുക. തിരികെയെത്തിയ ശേഷം സംഘാംഗങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിക്കും. ജോര്‍ദാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റുള്ളവരും തിരികെയെത്തുന്നുണ്ട്. വിമാനം നാളെ ജോര്‍ദാനില്‍ എത്തും. പൃഥ്വിരാജും സംവിധായകന് ബ്ലെസിയും ഉള്‍പ്പെടെയുള്ളവര്‍ ഇതേ വിമാനത്തില്‍ തന്നെയാണ് മടങ്ങുന്നത്.
ജോര്‍ദാനിലെ വാദിറം മരുഭൂമിയിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം നടന്നത്. മാര്‍ച്ച് 15നാണ് സംഘം ഇവിടെയെത്തിയത്. കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് മുടങ്ങിയപ്പോള്‍ സംഘാംഗങ്ങളുടെ വിസ കാലാവധി സംബന്ധിച്ച പ്രതിസന്ധിയും ഉയര്‍ന്നിരുന്നു. പിന്നീട് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെട്ട് വിസ കാലാവധി നീട്ടി നല്‍കിയിരുന്നു.