വാരിയംകുന്നനില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറി

 | 
Variyamkunnan
വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും പിന്‍മാറി

വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും പിന്‍മാറി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരുന്ന ചിത്രം അതിന്റെ പ്രഖ്യാപനം മുതല്‍ തന്നെ വിവാദത്തിലായിരുന്നു. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റെയും പിന്‍മാറ്റത്തിന് കാരണമെന്നാണ് വിവരം. 

മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം പ്രഖ്യാപിച്ചതോടെ സംഘപരിവാര്‍ അണികളാണ് എതിര്‍പ്പുമായി എത്തിയത്. വാരിയംകുന്നന്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോട് ചേര്‍ത്തുവെക്കാനാവില്ലെന്നുമൊക്കെയായിരുന്നു വിമര്‍ശനം. ആഷിക് അബുവിനും പൃഥ്വിരാജിനും നേരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. 

പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. ഇതിന് പിന്നാലെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്റെ മുന്‍കാല ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ചയായി. തുടര്‍ന്ന്  റമീസ് താല്‍ക്കാലികമായി സിനിമയില്‍ നിന്ന് പിന്മാറിയിരുന്നു. 

പി.ടി. കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറും വാരിയംകുന്നന്‍ കഥാപാത്രമാകുന്ന ചിത്രങ്ങള്‍ ഇതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു.