ലുലു മാളില് നടിയെ ആക്രമിച്ച കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു
കൊച്ചി: ലുലു മാളില് നടിയെ ആക്രമിച്ച കേസില് പ്രതികളെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കളമശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സംഭവത്തില്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കുകയാണെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുവെങ്കിലും കേസിലെ നടപടികള്‍ അവസാനിപ്പിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങുന്നതിനായി എത്തിക്കൊണ്ടിരുന്ന ഇവരെ കളമശേരിയില്‍ വെച്ച് വാഹനം തടഞ്ഞ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാത്രി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് പുരോഗമിക്കുന്നത്.
നടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി അനുസരിച്ച് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നീടാണ് അമ്മയുടെ മൊഴിയെടുത്തത്. കൊച്ചിയില്‍ ഇല്ലാത്തതിനാല്‍ ഫോണിലൂടെ നടിയുടെ മൊഴി പോലീസ് എടുത്തിരുന്നു.

