ഉപാധികളോടെ പോലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന് അക്രമത്തിനിരയായ നടി

കൊച്ചി: നടി ആക്രണക്കേസിലെ പ്രതിയായ നടന് ദിലീപിന് കര്‍ശന ഉപാധികള്‍ നിലനിര്ത്തികൊണ്ടു പോലും ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അഭ്യര്‍ത്ഥനയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സ്വകാര്യതയെ മാനിക്കണം. പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ തടസമില്ല. എന്നാല്‍ യാതൊരു കാരണവശാലും ദൃശ്യങ്ങള്‍ കൈമാറരുത്. നടി കോടതിയോട് അഭ്യര്‍ത്ഥിച്ചു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് നേരത്തെ സുപ്രീം കോടതിയില്‍ ദിലീപ് പറഞ്ഞിരുന്നു. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഇത് തെളിയിക്കുന്നതിനായി ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്കാന് പാടില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. അഥവാ മറിച്ചാണ് കോടതി തീരുമാനിക്കുന്നതെങ്കില്‍ കടുത്ത നിബന്ധനകള്‍ വെക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് നടി സുപ്രീം കോടതിയില്‍ അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്.
കേസില്‍ ആധാരമാക്കുന്ന രേഖയെന്ന നിലയില്‍ ദൃശ്യങ്ങള്‍ പ്രതിക്ക് അവകാശപ്പെട്ടതാണെന്നും അതില്‍ വരുത്തിയിരിക്കുന്ന കൃത്രിമത്വങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ തെളിയിക്കാന്‍ സാധിക്കുമെന്നുമാണ് ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായതാണ്. വിധിക്ക് മുന്‍പ് ഇരുകക്ഷികളുടെയും വാദങ്ങള്‍ എഴുതി നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു.