നടിയെ ആക്രമിച്ച കേസ്; സാക്ഷി ഭാമയെ ഇന്ന് വിസ്തരിക്കും

കൊച്ചി: നടി ആക്രമണ കേസില് സാക്ഷിയായ സിനിമാതാരം ഭാമയെ ഇന്ന് വിസ്തരിക്കും. ആക്രമിക്കപ്പെട്ട നടിയുമായി കേസിലെ പ്രതി ദിലീപിന് മുന്വൈരാഗ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിനായിട്ടാണ് സിനിമാ മേഖലയിലുള്ള ചിലരെ പ്രോസിക്യൂഷന് സാക്ഷിയായി ഉള്പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിനിടെ ‘അമ്മ’ ജനറല് സെക്രട്ടറിയായ ഇടവേള ബാബു കൂറുമാറിയിരുന്നു. പൊലീസിന് നല്കിയ മൊഴികളില് നിന്നും വ്യത്യസ്ഥമായിട്ടാണ് ഇയാള് കോടതിയില് സംസാരിച്ചത്.
ഇടവേള ബാബുവിന്റെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ദിലീപ് തന്റെ അവസരങ്ങള് നഷ്ടപ്പെടുത്തുന്നതായി നടി തന്നോട് പറഞ്ഞിരുന്നുവെന്നാണ് ബാബു പൊലീസിന് മൊഴി നല്‍കിയത്. കൂടാതെ ഇക്കാര്യം ദിലീപിനോട് പറഞ്ഞപ്പോള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുതെന്ന് തന്നെ താക്കീത് ചെയ്തിരുന്നുവെന്നും ബാബുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ‘അമ്മ’ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയുടെ റിഹേഴ്സല്‍ ക്യാംപില്‍ വെച്ച് നടിയോട് ദിലീപ് മോശമായി പെരുമാറിയിരുന്നുവെന്നും ബാബു പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വിസ്താരത്തിനിടെ ഇതെല്ലാം ബാബു തള്ളി.
ചില കാര്യങ്ങള്‍ ഓര്‍മയില്ലെന്നായിരുന്നു ബാബു കോടതിയില്‍ പറഞ്ഞത്. ഇതോടെ ബാബു കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. നടി ഭാമയെ കൂടാതെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ അമ്മയെയും ഇന്ന് വിസ്തരിക്കുമെന്നാണ് സൂചന.