നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്; നടി പ്രിയങ്കയെ വെറുതെവിട്ടു

നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്കയെ വെറുതെവിട്ടു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്ക കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയത്. ഭീഷണിപ്പെടുത്തിയും ആള്‍മാറാട്ടം നടത്തിയും കാവേരിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
തിരുവല്ല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2004-ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വാരികയില്‍ കാവേരിക്ക് എതിരെ വാര്‍ത്ത നല്‍കാതിരിക്കുന്നതിന് പണം ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. ഫോണില്‍ വിളിച്ച് 5 ലക്ഷം രൂപ പ്രിയങ്ക ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു.
ഭീഷണിയെത്തുടര്‍ന്ന് കാവേരിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. പണം നല്‍കാമെന്നും അതിനായി ആലപ്പുഴയിലെ ഒരു ഹോട്ടലിന് അടുത്ത് വരണമെന്നും പ്രിയങ്കയെ അറിയിച്ചു. ഇതനുസരിച്ച് എത്തിയ പ്രിയങ്കയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി നടിയെ 15 ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കാര്യമായ തെളിവുകളൊന്നും പ്രിയങ്കയ്ക്ക് എതിരെ പോലീസിന് ലഭിച്ചില്ല.
പുനരന്വേഷണം ആവശ്യപ്പെട്ട് കാവേരിയുടെ കുടുംബം വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2008ല്‍ പുനരന്വേഷണത്തിന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രിയങ്കയ്ക്ക് എതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് നടിയെ വെറുതെ വിട്ടത്.