അഡാര്‍ ലൗവിലെ ടീച്ചര്‍ വിവാഹിതയാകുന്നു; വരന് അങ്കമാലിയിലെ ‘പോത്ത് വര്‍ക്കി’

ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ ടീച്ചര്‍ കഥാപാത്രമായി എത്തിയ നടി റോഷ്ന ആന്‍ റോയി വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് ആണ് വരന്. അങ്കമാലി ഡയറീസില്‍ പോത്ത് വര്‍ക്കി എന്ന കഥാപാത്രമായി എത്തിയ നടനാണ് കിച്ചു. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കിച്ചുവാണ്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ റോഷ്നയാണ് വിവാഹ വിവരം പുറത്തുവിട്ടത്. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹമെന്ന് റോഷ്ന കുറിച്ചു. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ധമാക്ക, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലും റോഷ്ന ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.