മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ല; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടത്തുന്ന കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സര്ക്കാര്.
 | 
മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ല; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടത്തുന്ന കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പ്രത്യേക വനിതാ ജഡ്ജിക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തിയത്. വിചാരണക്കോടതിക്കെതിരെ ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം. ആക്രമണത്തിന് ഇരയായ നടിയുടെയും മഞ്ജു വാര്യരുടെയും മൊഴികളിലെ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ കോടതി വീഴ്ച വരുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മകളെ ഉപയോഗിച്ച് ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. ഇത് രേഖപ്പെടുത്തിയില്ല. തന്നെ വകവരുത്തുമെന്ന് നടി നല്‍കിയ മൊഴിയും രേഖപ്പെടുത്തിയില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. നടി പറഞ്ഞ മറ്റു ചില കാര്യങ്ങളും രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി. ഈ സാഹചര്യത്തില്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദം കൂടി പരിഗണിച്ചാണ് വിചാരണ നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണ സുത്യാരമല്ലെന്നും കോടതിയില്‍ നിന്ന് നടിക്ക് നീതി ലഭിക്കില്ലെന്നും വ്യക്തമാക്കി പ്രോസിക്യൂഷനും ജഡ്ജിക്കെതിരെ രംഗത്തെത്തിയിരുന്നു.