അന്തിക്കാട്ടെ സിനിമാ വീട്ടില്‍ നിന്നും മറ്റൊരു സംവിധായകന്‍ കൂടി; ഫഹദ് ഫാസില്‍ ചിത്രവുമായി അഖില്‍ സത്യന്‍

അഖിലൊരുക്കിയ 'ദാറ്റ്സ് മൈ ബോയ്' എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യന് അന്തിക്കാടിന്റെ തന്നെ ചിത്രങ്ങളില് സഹസംവിധായകനായി പ്രവര്ത്തിച്ച പരിചയസമ്പത്തും അഖിലിനുണ്ട്.
 | 
അന്തിക്കാട്ടെ സിനിമാ വീട്ടില്‍ നിന്നും മറ്റൊരു സംവിധായകന്‍ കൂടി; ഫഹദ് ഫാസില്‍ ചിത്രവുമായി അഖില്‍ സത്യന്‍

കൊച്ചി: അന്തിക്കാട്ടെ സിനിമാ വീട്ടില്‍ നിന്നും മലയാള സിനിമയിലേക്ക് മറ്റൊരു സംവിധായകന്‍ കൂടിയെത്തുന്നു. സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ സത്യനാണ് മുഖ്യധാരാ സിനിമയിലേക്ക് എത്തുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ അഖിലൊരുക്കിയ ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യന്‍ അന്തിക്കാടിന്റെ തന്നെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച പരിചയസമ്പത്തും അഖിലിനുണ്ട്.

ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നായിക ഉള്‍പ്പെടെ നിരവധി പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ മറ്റു അഭിനേതാക്കളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഖില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയനായ ജസ്റ്റിന്‍ പ്രഭാകരനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നേരത്തെ സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു മകനായ അനൂപ് സത്യന്റെ ആദ്യ ചിത്രവും പ്രഖ്യാപിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ശോഭന തുടങ്ങി വമ്പന്‍ താരനിരയാണ് അനൂപിന്റെ ചിത്രത്തില്‍ അണിനിരക്കുന്നത്.