മമ്മൂട്ടിയേയും ദുൽഖറിനേയും പുകഴ്ത്തി അമിതാഭ് ബച്ചൻ

മുംബൈ: മണിരത്‌നം ചിത്രം ഒട്ടേറെ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ദുൽഖറിന്റെ അഭിനയത്തിനെ പുകഴ്ത്തി മമ്മൂട്ടിയെ ഇകഴ്ത്തിയുള്ള രാം ഗോപാൽ വർമയുടെ ട്വിറ്റർ സന്ദേശം ഇതിനകം വിവാദമായിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ വെറും ജൂനിയർ ആർട്ടിസ്റ്റ് മാത്രമാണെന്നും ദുൽഖർ മികച്ച അഭിനേതാവാണെന്നുമുള്ള ആർജിവിയുടെ അഭിപ്രായം വൻവിവാദങ്ങൾക്കും ട്വിറ്ററിൽ മലയാളികളുടെ ‘പൊങ്കാല’യ്ക്കും വഴിവെച്ചിരുന്നു. ഒടുവിലിതാ അമിതാഭ് ബച്ചനും ഒകെ കണ്മണിയിലെ അഭിനയത്തിന് ദുൽഖറിനെ പുകഴ്ത്തിയിരിക്കുന്നു. ദുൽഖറിന് മാത്രമല്ല മമ്മൂട്ടിക്കും ലഭിച്ചു ബിഗ്ബിയുടെ നല്ലവാക്കുകൾ.
തന്റെ മകൾ ശ്വേതയുമായി ഒകെ കൺമണി കണ്ടുവെന്നും വളരെ യുവത്വമുള്ള സിനിമയാണെന്നും ബച്ചൻ ബ്ലോഗിൽ കുറിച്ചു. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ മികച്ച അഭിനയം കാഴ്ചവെച്ചുവെന്നും ബച്ചൻ പറയുന്നു. ദുൽഖർ മാത്രമല്ല നിത്യയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അമിതാഭ് തന്റെ ബ്ലോഗിൽ പറഞ്ഞു.

