ഷെയ്ന് നിഗം വിഷയത്തില്‍ അമ്മയില്‍ ഭിന്നത; ചര്‍ച്ച ചെയ്യാതെയുള്ള ഒത്തുതീര്‍പ്പ് അംഗീകരിക്കില്ലെന്ന് ഉണ്ണി ശിവപാല്‍

കൊച്ചി: ഷെയ്ന് നിഗം വിഷയത്തില്‍ താരസംഘടന അമ്മയില്‍ ഭിന്നത. ഇടവേള ബാബുവിന്റെ നേതൃത്വത്തിലാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍ സംഘടനയില്‍ ചര്‍ച്ച ചെയ്യാതെയുള്ള ഒത്തുതീര്‍പ്പില്‍ സഹകരിക്കില്ലെന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു. രണ്ട് മൂന്ന് പേര് ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല ഇതെന്നും ഉണ്ണി ശിവപാല്‍ ചൂണ്ടിക്കാട്ടി.
സിനിമ ഇന്‍ഡസ്ട്രിയെ മൊത്തം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിധത്തില്‍ സമൂഹത്തില്‍ ചര്‍ച്ചയായ വിഷയമാണ് ഇത്. അതിനാല്‍ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കി വിഷയത്തെ കുറിച്ച് പഠിച്ച് തീരുമാനം എടുക്കണം. ഷെയ്നിന്റെ ന്യായങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ അതിനൊരു രീതിയുണ്ട്. രണ്ട് മൂന്നു പേര് ഒരു റൂമില്‍ ഇരുന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലിത്. ഇത് സംഘടനാ മര്യാദയല്ലെന്ന് ഉണ്ണി ശിവപാല്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് ആലുവയില്‍ നടന് നിദ്ദിഖിന്റെ വീട്ടില്‍ വെച്ച് ഷെയ്ന് നിഗമുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂടിക്കാഴ്ച നടത്തിയത്. ഷെയ്നുമായി സംസാരിച്ചെങ്കിലും ചില കാര്യങ്ങളില്‍കൂടി വ്യക്തതവരുത്തി മാത്രമെ നിര്‍മ്മാതാക്കളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഇതിന് ശേഷം ഇടവേള ബാബു പ്രതികരിച്ചത്.