ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് എക്സിക്യൂട്ടീവില്‍ ആവശ്യം; എതിര്‍ത്തത് മുകേഷും ഗണേഷും മാത്രം

കൊച്ചി: ബിനീഷ് കോടിയേരിയെ താരസംഘടന അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നടിമാര്‍ ഉള്‍പ്പെടെയുള്ള എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചു. സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നാണ് ഇവര്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ അമ്മ പുറത്താക്കിയിരുന്നു.
എന്നാല്‍ ബിനീഷ് കോടിയേരിയെ പുറത്താക്കാനുള്ള ആവശ്യത്തിനെ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ എതിര്‍ത്തു. ഇടതുപക്ഷ എംഎല്‍എമാര്‍ കൂടിയായ ഇവര്‍ രണ്ടുപേരും എതിര്‍പ്പ് യോഗത്തില്‍ ശക്തമായി ഉന്നയിച്ചുവെന്നാണ് വിവരം. എന്‍ഫോഴ്സ്മെന്റ് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും മയക്കുമരുന്ന് കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് ഇപ്പോള്‍ ഉള്ളത്. ടിവി അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവര്‍ നല്കിയ കത്ത് എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയാകും.