ഷെയ്ന് നിഗം; പ്രശ്ന പരിഹാരത്തിന് അമ്മ നേതൃത്വം നല്‍കും. ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്

കൊച്ചി: ഷെയ്ന് നിഗമുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് താര സംഘടന അമ്മ നേതൃത്വം നല്‍കും. സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ക്ക് അമ്മ നേതൃത്വം നല്‍കും. ഷെയ്ന് നിഗമുമായ ആലുവയില്‍ നടന് സിദ്ദിഖിന്റെ വീട്ടില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇടവേള ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഷെയ്ന് നിഗമിന്റെ മൂന്ന് ചിത്രങ്ങളാണ് നിലവില്‍ മുടങ്ങിക്കിടക്കുന്നത്. ഇവ ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന് സംഘടനയെ അറിയിച്ചിട്ടുണ്ട്. ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന എന്നിവയുമായി അമ്മ നടത്തുന്ന ചര്‍ച്ചകളിലെ നിലപാട് അംഗീകരിക്കുമെന്ന് ഷെയ്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആദ്യം ഫെഫ്കയുമായും പിന്നീട് നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തുമെന്ന് ഇടവേള ബാബു പറഞ്ഞു.
പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കണമെന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ചര്‍ച്ചകളുടെ ഇതുവരെയുള്ള പുരോഗതി മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.