റംസിയുടെ ആത്മഹത്യ; സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയുടെ ഭര്‍ത്താവിനും മാതാവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തത്. വിവാഹത്തില്‍ നിന്ന് പിന്മാറിയ ഹാരിസ് റിമാന്‍ഡിലാണ്. ഇയാളുടെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്.
തെളിവുകളുടെ അഭാവത്തിലാണ് ലക്ഷ്മി പ്രമോദിന് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരായി അന്വേഷണം പുരോഗമിക്കുകയാണെന്നും നടിക്കെതിരെ ശക്തമായ ജനരോഷം ഉള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്. അതേസമയം തെളിവുകള്‍ ഇല്ലാതെ ജനരോഷത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
സെപ്റ്റംബര്‍ 5നാണ് റംസി ആത്മഹത്യ ചെയ്തത്. റംസി ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നു. ലക്ഷ്മിയാണ് ഇതിനായി സൗകര്യങ്ങള്‍ ഒരുക്കിയതെന്നാണ് വിവരം.