ആന്റണി പെരുമ്പാവൂര്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് രാജിവെച്ചു

 | 
Antony Perumbavoor

ആന്റണി പെരുമ്പാവൂര്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകില്‍ നിന്ന് രാജിവെച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് രാജി. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. പിന്നാലെ തീയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് രാജി. രാജിക്കത്ത് ഫിയോക് ചെയര്‍മാന്‍ ദിലീപിന് നല്‍കി.

നിലവില്‍ തീയേറ്ററുകളില്‍ അനുവദിച്ചിരിക്കുന്ന 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി വെച്ച് ചിത്രം റിലീസ് ചെയ്താല്‍ ലാഭകരമായിരിക്കുമോ എന്ന് സംശയമുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. ഇനിയും കാത്തിരിക്കാനാവില്ല. ഒന്നുകില്‍ തീയേറ്റര്‍, അല്ലെങ്കില്‍ ഒടിടി എന്നത് തള്ളിക്കളയാനാകാത്ത സ്ഥിതിയാണെന്നും രണ്ടിലും ഒരുമിച്ചുണ്ടാകില്ലെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ആന്റണിയുടെ രാജിയെ പിന്തുണച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി. അദ്ദേഹം ചെയ്തതാണ് മര്യാദയെന്നും സംഘടനയുടെ തലപ്പത്തിരിക്കെ തന്റെ ബിസിനസുമായി ആന്റണിക്ക് ഒരിക്കലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ബഷീര്‍ പറഞ്ഞു.