‘മനോഹര ചിത്രം’; കുമ്പളങ്ങി നൈറ്റ്സിനെ പുകഴ്ത്തി അനുഷ്ക ശര്‍മ

മധു സി. നാരായണന് സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിനെ സോഷ്യല്‍ മീഡിയയില്‍ പുകഴ്ത്തി ബോളിവുഡ് നടി അനുഷ്ക ശര്‍മ. ചിത്രം മനോഹരമാണെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനുഷ്ക കുറിച്ചു. മനോഹരമായ സംവിധാനവും മികച്ച കാസ്റ്റിംഗും ആണെന്നും അനുഷ്ക പറയുന്നു. മധു സി.നാരായണനെ ടാഗ് ചെയ്തുകൊണ്ട് ചിത്രത്തിന്റെ പോസ്റ്ററും സ്റ്റോറിയില്‍ നല്‍കിയിരുന്നു.
ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയതോടെയാണ് നിരവധി പേര് പ്രശംസയുമായി എത്തുന്നത്. ചിത്രത്തിലെ ചെരാതുകള്‍ എന്ന ഗാനത്തെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിച്ചു കൊണ്ട് ബോളിവുഡ് ഗായകന് അര്‍ജിത് സിങ് രംഗത്തെത്തിയിരുന്നു. ഗാനം ആലപിച്ച സിത്താര അര്‍ജിത് സിങ്ങിന്റെ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ശ്യാം പുഷ്കരന് തിരക്കഥ രചിച്ച ചിത്രത്തില്‍ സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.