ബാബു ആന്റണിയെ വെച്ച് 15 കോടി മുടക്കാന്‍ തയ്യാറുണ്ടോ? കിടിലന്‍ ആക്ഷനുമായി വാരിയംകുന്നന്‍ വരുമെന്ന് ഒമര്‍ ലുലു

 | 
Babu Antony
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് മലയാള സിനിമ ഇന്നുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളുള്ള സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് ഒമര്‍ ലുലു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് മലയാള സിനിമ ഇന്നുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളുള്ള സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് ഒമര്‍ ലുലു. വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറിയ സാഹചര്യത്തിലാണ് ഒമര്‍ ലുലു ഈ ചിത്രം ചെയ്യാന്‍ തയ്യാറാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പ്രീ ബിസിനസ് നോക്കാതെ ബാബു ആന്റണിയെ വെച്ച് 15 കോടി മുടക്കാന്‍ തയ്യാറുള്ള നിര്‍മാതാവ് വന്നാല്‍ ഇത് സാധ്യമാകുമെന്ന് ഒമര്‍ ലുലു പറയുന്നു. 

''പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്ററണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും''

നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും വാരിയംകുന്നനില്‍ നിന്ന് പിന്‍മാറിയതായി ഇന്നലെയാണ് വാര്‍ത്ത പുറത്തു വന്നത്. അതിന് പിന്നാലെ നിലവിലുള്ള നിര്‍മാതാക്കളും തിരക്കഥാകൃത്തുക്കളും തയ്യാറാണെങ്കില്‍ ചിത്രം സംവിധാനം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ച് സിദ്ദിഖ് ചേന്നമംഗലൂര്‍ രംഗത്തെത്തിയിരുന്നു. 

വാരിയംകുന്നനെ കേന്ദ്രകഥാപാത്രമാക്കി താന്‍ പ്രഖ്യാപിച്ച ചിത്രവുമായി മുന്നോട്ടു പോകുമെന്ന് പി.ടി.കുഞ്ഞുമുഹമ്മദും പ്രഖ്യാപിച്ചു. സംഘപരിവാര്‍ അനുകൂലിയായ സംവിധായകന്‍ അലി അക്ബറും മലബാര്‍ ലഹള പശ്ചാത്തലമാക്കി ചിത്രം നിര്‍മിക്കുന്നുണ്ട്.