ദിലീപിനെ അമ്മയില് നിന്ന് പുറത്താക്കണമെന്ന് ആസിഫ് അലി; നിലപാട് ശക്തമാക്കി യുവതാരങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില് റിമാന്ഡിലായ ദിലീപിനെ അമ്മയില് നിന്ന് പുറത്താക്കണമെന്ന് ആസിഫ് അലി. അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് ആസിഫ് അലി ഈ ആവശ്യം ഉന്നയിച്ചത്. അമ്മ ജനറല് സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടില് ചേര്ന്ന യോഗത്തിലാണ് യുവ താരങ്ങള് അഭിപ്രായ പ്രകടനങ്ങള് നടത്തിയത്. യോഗത്തില് ചില കാര്യങ്ങള് ഉന്നയിക്കുമെന്നും അവ ചര്ച്ച ചെയ്തില്ലെങ്കില് തന്റെ നിലപാട് വ്യക്തമാക്കുമെന്ന് നടന് പ്രിഥ്വിരാജും അറിയിച്ചു.
ദിലീപിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ യുവതാരങ്ങള്‍ അമ്മ വിടുമെന്നാണ് വിവരം. കുറ്റക്കാര്‍ക്ക് എതിരെ നടപടിയുണ്ടാകണമെന്ന് ദേവനും ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശന്‍ നടിക്ക് നീതി ലഭിക്കാനായി അവസാന നിമിഷം വരെ പോരാടുമെന്ന് അറിയിച്ചു. നിലവില്‍ അമ്മ ട്രഷറര്‍ സ്ഥാനം വഹിക്കുന്ന ദിലീപിനെ ആ സ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്നാണ് കരുതുന്നത്.
അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച യുവതാരങ്ങള്‍ ദിലീപിനെതിരെ നടപടി വേണമെന്ന ശക്തമായ നിലപാടിലാണ്. ഈ സാഹചര്യത്തില്‍ സംഘടനയില്‍ പിളര്‍പ്പ് ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ദിലീപിനെതിരേ നടപടിയെടുത്തേക്കുമെന്നാണ് കരുതുന്നത്.

