ആയോധന കല പരിശീലിപ്പിക്കാൻ ഇനി ബാബു ആന്റണി സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്‌സ്

ദുബായ്: മലയാള സിനിമയിലെ ജാക്കി ചാൻ ബാബു ആന്റണി ആയോധന കലാ പരിശീലന രംഗത്തേക്ക്. സിനിമയിലെ തിരക്കുകൾക്കിടയിലും മുടക്കാതിരുന്ന പരിശീലനം ഒരു കായിക വിദ്യാലയം എന്ന സ്വപ്നത്തിലേക്ക് എത്തുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലും ഗൾഫിലുമായി നിരവധി ശാഖകളുള്ള മാർഷ്യൽ ആർട്സ് സ്കൂൾ ശൃംഖലയാണ് ബാബു ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കം ദുബായിയിൽ നിന്നുമാണ്.
ബർദുബായ് കരാമയിലെ ചൈനാവാലി റസ്റ്റോറന്റ് ബിൽഡിംഗിന്റെ മൂന്നാം നിലയിലാണ് ബാബു ആന്റണി സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്‌സിന്റെ ആദ്യ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനം 2015 ജനുവരി 9ന് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആയോധന കലകളായ കരാട്ടേ, കുംഫു, കേരളീയ ആയോധന കലകളായ കളരി എന്നിങ്ങനെ വിവിധങ്ങളായ പരിശീലന പദ്ധതികൾ താൻ വിഭാവനം ചെയ്യുന്ന സ്‌കൂളിൽ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ ബാബു ആന്റണി പറഞ്ഞിരുന്നു. കൊച്ചിയിലും ഉടൻ തന്നെ സ്ഥാപനം ആരംഭിക്കുമെന്നാണ് സൂചന.
ഒമ്പത് വർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ബാബു അടുത്തിടെ ഇടുക്കി ഗോൾഡ് എന്ന ആഷിഖ് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

