നടി ആക്രമിക്കപ്പെട്ട കേസ്; നടി ഭാമയും സിദ്ദിഖും കൂറുമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാമയും സിദ്ദിഖും കൂറുമാറി. വിചാരണക്കിടെയാണ് പ്രോസിക്യൂഷന് സാക്ഷികളായ ഇവര്‍ കൂറുമാറിയത്. അന്വേഷണ സംഘത്തിന് നല്കിയ മൊഴി കോടതിയില്‍ സ്ഥിരീകരിക്കാന്‍ ഇവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. അമ്മ സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായെന്നായിരുന്നു ഇവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്.
ബിന്ദു പണിക്കരും ഇടവേള ബാബുവും നേരത്തേ കൂറുമാറിയിരുന്നു. ദിലീപിനെതിരെ നടി പരാതി നല്‍കിയിരുന്നുവെന്ന മൊഴിയില്‍ നിന്നാണ് ഇടവേള ബാബു കൂറുമാറിയത്. ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് കാട്ടി നടി താരസംഘടനയില്‍ പരാതി നല്‍കിയിരുന്നതായി അന്വേഷണസംഘത്തോട് ഇടവേള ബാബു മൊഴി നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ 2013 മാര്‍ച്ചില്‍ ദിലീപ് കണ്ടിരുന്നുവെന്ന മൊഴിയില്‍ നിന്നാണ് ബിന്ദു പണിക്കര്‍ പിന്നാക്കം പോയത്.
ദിലീപ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പ്രോസിക്യൂഷന് ഹര്‍ജി കോടതി ഇന്ന് പരിഗണിക്കുകയാണ്. പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിവ് നല്കിയ സാക്ഷിയെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന് ഹര്‍ജിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.