ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം; പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്. പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ നിലവില്‍ ഏഴ് പ്രതികളാണ് ഉള്ളത്. ഇതേ വിധത്തില്‍ തട്ടിപ്പിന് ഇരയായ രണ്ട് പേര് കൂടി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും സിനിമാ മേഖലയിലുള്ള ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഐ.ജി. വിജയ് സാഖറെ പറഞ്ഞു.
കേസില്‍ വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. നടിയെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ മറ്റു ചില സമാനമായ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ചില പുതുമുഖ നടിമാരെയും മോഡലുകളെയും ഇവര്‍ തട്ടിപ്പിനിരയാക്കിയിരുന്നു. ഷംന കാസിമിന്റെ സ്വകാര്യ നമ്പര്‍ പ്രതികള്‍ക്ക് കിട്ടിയത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്നും ഐജി പറഞ്ഞു.
തട്ടിപ്പിനിരയായ ചിലരെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. അറസ്റ്റിലായ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ടെന്നും ഐജി വ്യക്തമാക്കി.