സിനിമ ചിത്രീകരണത്തിന് അനുമതി; ബ്രോ ഡാഡി കേരളത്തിലേക്ക്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്ലാല് ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക്. സംസ്ഥാനത്ത് ഉപാധികളോടെ സിനിമാ ചിത്രീകരണം അനുവദിച്ച സാഹചര്യത്തിലാണ് ഇത്. നിലവില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്. കുറച്ചു ദിവസത്തെ ഷൂട്ടിംങ് കൂടി ബാക്കിയുണ്ടെന്നും അതിന് ശേഷം കേരളത്തിലേക്ക് വരുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
സംസ്ഥാനത്ത് സീരിയലുകള്‍ക്ക് ചിത്രീകരണാനുമതി നല്‍കിയിട്ടും സിനിമകളുടെ ഷൂട്ടിംഗിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമാ ഷൂട്ടിങ്ങിന് അനുമതി നല്‍കണമെന്ന് ഫെഫ്കയുള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് നിബന്ധനകളോടെ ചിത്രീകരണം ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സംസ്ഥാനത്ത് ചിത്രീകരണം ആരംഭിച്ചാല്‍ ചെലവ് കുറയ്ക്കാനാകുമെന്നും കേരളത്തിലെ സിനമാ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.