മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമെന്ന് പരാതി; ആദ്യ സംവിധായകനെതിരെ കേസെടുത്തു

മാമാങ്കം സിനിമയുടെ ആദ്യ സംവിധായകന് സജീവ് പിള്ളക്കെതിരെ പോലീസ് കേസെടുത്തു
 | 
മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമെന്ന് പരാതി; ആദ്യ സംവിധായകനെതിരെ കേസെടുത്തു

തിരുവനന്തപുരം: മാമാങ്കം സിനിമയുടെ ആദ്യ സംവിധായകന്‍ സജീവ് പിള്ളക്കെതിരെ പോലീസ് കേസെടുത്തു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിതുര പോലീസ് കേസെടുത്തിരിക്കുന്നത്. സിനിമക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നുവെന്നാണ് സജീവ് പിള്ളക്കെതിരെയുള്ള പരാതി. ഇദ്ദേഹം ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്.

സജീവ് പിള്ളയായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകന്‍. പിന്നീട് നിര്‍മാതാവുമായുണ്ടായ ഭിന്നതയെത്തുടര്‍ന്ന് സജീവിനെ മാറ്റി. എം.പദ്മകുമാറാണ് അതിന് ശേഷം ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിനെതിരെ സംഘടിത നീക്കം നടക്കുന്നുവെന്ന് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് പരാതി നല്‍കിയിരുന്നു. സജീവ് പിള്ളയാണ് ചിത്രത്തിനെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.