വിനോദ നികുതി ഈടാക്കും; സിനിമ ടിക്കറ്റ് നിരക്കുകള്‍ ഇന്ന് മുതല്‍ വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ ടിക്കറ്റ് നിരക്കുകള്‍ ഉയരും. ടിക്കറ്റുകളില്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമേ ചുമത്തിയ വിനോദ നികുതി കൂടി ഈടാക്കാന്‍ തുടങ്ങിയതോടെയാണ് നിരക്കുകള്‍ ഉയരുന്നത്. വിവിധ ക്ലാസുകളിലായി 10 മുതല്‍ 30 രൂപ വരെയാണ് ഉയരുക. വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ തീയേറ്റര്‍ ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് നികുതി ഈടാക്കാന്‍ തീരുമാനമായത്.
കേസിലെ വിധി സര്‍ക്കാരിന് അനുകൂലമായാല്‍ മുന്‍കാല പ്രാബല്യത്തോടെ വിനോദ നികുതി നല്‍കേണ്ടി വരുമെന്നതിനാലാണ് തീയേറ്റര്‍ ഉടമകളുടെ സംഘടന ഈ തീരുമാനത്തില്‍ എത്തിയത്. ചില തിയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങിയിരുന്നു. നിലവില്‍ സാധാരണ ടിക്കറ്റിന് സംസ്ഥാനത്ത് 95 രൂപയാണ് ഈടാക്കുന്നത്. 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12 ശതമാനമായിരുന്നു ജിഎസ്ടി.
തദ്ദേശഭരണചട്ടം അനുസരിച്ച് ടിക്കറ്റിന്റെ അടിസ്ഥാന വിലയില്‍ 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേല്‍ 5% ജിഎസ്ടിയും ചേര്‍ത്ത് ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാനവില 106 രൂപയായി ഉയര്‍ന്നു. ഇതോടെ ജിഎസ്ടി 18 ശതമാനമായി മാറി. ഇതനുസരിച്ച് ഇനി സാധാരണ ടിക്കറ്റിന് 130 രൂപ നല്‍കേണ്ടി വരും.