ദൃശ്യം 2ന് സെറ്റിട്ടത് പച്ചത്തുരുത്തില്‍; നിര്‍മാണം ഹരിത മിഷന് തടഞ്ഞു, ഇടപെട്ട് ജില്ലാ കളക്ടര്‍

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കുടയത്തൂരില്‍ ദൃശ്യം 2നായി സെറ്റ് നിര്‍മിച്ചതിന് എതിരെ പരാതി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പച്ചത്തുരുത്ത് പദ്ധതി പ്രദേശത്ത് സെറ്റ് നിര്‍മിച്ചതിന് എതിരെയാണ് പരാതി. സെറ്റ് നിര്‍മാണം ഹരിത മിഷന് പ്രവര്‍ത്തകര്‍ തടഞ്ഞു. ഹരിതകേരളം പദ്ധതിക്ക് കീഴില്‍ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. ദൃശ്യം ആദ്യഭാഗത്തില്‍ പോലീസ് സ്റ്റേഷന് ഉള്‍പ്പെടെയുള്ളവയുടെ സെറ്റ് ഇട്ട പ്രദേശമാണ് കുടയത്തൂര്‍, കൈപ്പ കവലയ്ക്ക് സമീപമുള്ള ഈ പ്രദേശം.
സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 1261 പച്ചത്തുരുത്തുകളില്‍ ഒന്നാണ് ഇത്. ഇക്കാര്യം അറിയാതെയാണ് സിനിമയ്ക്കായി സെറ്റിട്ടതെന്നാണ് വിവരം. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ശേഷം ഇവിടെ പച്ചത്തുരുത്ത് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെ സെറ്റ് നിര്‍മാണം തുടര്‍ന്നതോടെയാണ് ഹരിത മിഷന് പ്രവര്‍ത്തകര്‍ നിര്‍മാണം തടഞ്ഞത്. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്റെ നേതൃത്വത്തിലായിരുന്നു ഇത്. പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ജില്ലാ കളക്ടര്‍ 25,000 രൂപ ബോണ്ടിന്മേല് സെറ്റ് നിര്‍മാണം തുടരാന്‍ അനുമതി നല്കി.
സര്‍ക്കാര്‍ ഭൂമിയില്‍ ഹരിത മിഷന് പ്രവര്‍ത്തകരുടെ സഹായത്തോടെ വനവല്‍ക്കരണം നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ഇവിടെ വൃക്ഷത്തൈകള്‍ നട്ടിരുന്നു. ഇവ സംരക്ഷിക്കാമെന്ന് സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ആശങ്കയുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതിയില്‍ പറഞ്ഞത്. മലങ്കര ഡാമിന്റെ റിസര്‍വോയര്‍ പ്രദേശമാണ് ഇത്. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ അധികൃതരില്‍ നിന്ന് ചിത്രീകരണത്തിന് അനുമതി വാങ്ങിയിരുന്നുവെന്ന് സിനിമാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.